മിഅ്റാജിന്‍റെ സന്ദേശം

Posted by SiM Media on 9:08 PM with 1 comment

മക്കയിലുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസിലേക്കുള്ള പ്രവാചന്‍ നബി (സ്വ) യുടെ യാത്രക്ക് ഇസ്റാഅ് എന്നും അവിടന്ന് ഏഴ് ആകാശവും കടന്ന് അല്ലാഹുവുമായുള്ള അഭിമുഖ സംഭാഷണം നടത്തിയതിന് മിഅ്റാജ്‌ എന്നും പറയും. നുബുവ്വത്തിന്‍റെ പതിനൊന്നാം വര്‍ഷം റജബ് മാസം ഇരുപത്തിയേഴിന്‍റെ രാവിലാണിതിന് വേദിയൊരുങ്ങിയത്. കഅബയുടെ ചാരത്ത് ഉമ്മുഹാനിയുടെ വസതിയില്‍ നബി (സ്വ) വിശ്രമിക്കുമ്പോഴായിരുന്നു മലക്ക് ജിബ്‌രീല്‍ (അ) തങ്ങളെ ക്ഷണിക്കാന്‍ ബുറാഖ് എന്ന അദ്ഭുത വാഹനവുമായെത്തിയത്. അവിടത്തെ ശരീരത്തോടെ തന്നെ ഒരൊറ്റ രാത്രികൊണ്ട് ഇതെല്ലാം അനുഭവിച്ചറിയാന്‍ കഴിഞ്ഞുവെന്നത് ഖുര്‍ആന്‍, ഹദീസ്‌, ഇജ്മാഅ, മുസ്‌ലിം ലോകത്തിന്‍റെ പൊതു അംഗീകാരം എല്ലാം ഈ സംഭവത്തിന് പിന്‍ബലമേകുന്നു. ഏകദേശം നാല്പത്തിയഞ്ചില്‍ പരം സ്വഹാബികള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതായി ശറഹുല്‍ മവാഹിബില്‍ (vol: 8 page: 27) കാണാം.

ഇസ്റാഅ്
ഖുര്‍ആനിലെ ഇസ്റാഅ് അധ്യായത്തിലെ ഒന്നാം വചനം തന്നെ ഈ സംഭവം പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്. മക്കക്കാര്‍ക്കിടയില്‍ വളര്‍ന്ന മുഹമ്മദ്‌ എന്ന ഉന്നതനായ ഒരു വ്യക്തി. അദ്ദേഹത്തെയാണ് അല്ലാഹു തന്‍റെ അതിഥിയായി ക്ഷണിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള വാഹനം തയ്യാര്‍..ബുറാഖ് എന്ന വെളുത്ത മൃഗം. ഇക്കാലത്തെ പോലെ കവച്ചമുള്ള വാഹനങ്ങളല്ല, മറിച്ച് കവച്ചമില്ലാത്ത വാഹനങ്ങളായിരുന്നു അന്ന് കൂടുതലും. കാറ്റിനെ കീറി മുറിച്ചുകൊണ്ട് കവച്ചമില്ലാ വാഹനപ്പുറത്തുള്ള യാത്രയാണ് തങ്ങള്‍ക്കു മുന്നിലുള്ളത്. ഇന്ന് ബൈക്കില്‍ ചീറിപ്പായുകയാണെങ്കില്‍ കൂടിയാല്‍ നൂറ്റിയമ്പതോ ഇരുനൂറോ സ്പീഡില്‍ കുതിക്കാം അതിനപ്പുറം നമുക്ക് കഴിയില്ല. മക്കയില്‍ നിന്നും ഫലസ്തീനിലേക്ക് അന്നത്തെ യാത്രാ ദൂരം ഒരു മാസത്തെ ഒട്ടക സഞ്ചാരമായിരുന്നു. ഈ ദൂരമാണ് നബി തങ്ങള്‍ മിന്നല്‍പിണര്‍ വേഗതയില്‍ ആ വാഹനപ്പുറത്തു കുതിച്ചത്. എത്രയാണ് പ്രകാശത്തിന്‍റെ വേഗത? സെക്കന്‍റില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍. ഇതിനെക്കാള്‍ വേഗതയില്‍ നബി തങ്ങള്‍ ഈ യാത്രയില്‍ സഞ്ചരിച്ചിരിക്കുന്നു. എങ്ങിനെ ഇതിനു സാധിച്ചു? ഖുര്‍ആന്‍ മറുപടി നല്‍കി. نور علي نور പ്രകാശത്തെക്കാള്‍ ഉന്നതമാണ് മുഹമ്മദ്‌ നബി (സ്വ).

അതുകൊണ്ടാണ് നബി തങ്ങളുടെ ഉറ്റ ചങ്ങാതിയായിരുന്ന അബൂബക്കര്‍ സിദ്ധീഖ് (റ)നെ ഈ യാത്രയില്‍ കൂടെ കൂട്ടാതിരുന്നത്. കാരണം നബി തങ്ങള്‍ക്കു മാത്രമേ ഇത്തരം ഒരു യാത്രക്ക് കഴിയൂ. ഇവിടെ മറ്റൊരു അത്ഭുതം വെളിവാകുന്നത് പ്രവാച്ചകന്‍റെ മാലാഖാ പ്രകൃതമാണ്. മലക്കുകളുടെ നേതാവായ ജിബ്‌രീല്‍ (അ)ന്‍റെ പ്രകൃതത്തിനോപ്പം പ്രവാചകനും സഞ്ചരിക്കാന്‍ കഴിഞ്ഞു. പ്രവാചകന്‍ പഠിപ്പിച്ചു. اني لست كهيئتكم ഞാന്‍ നിങ്ങളെപോലെയല്ല.

യാത്രയ്ക്കിടെ പെട്ടെന്ന്‍ ഒരാള്‍ നബിയെ വിളിക്കുന്നു. "ഓ മുഹമ്മദേ" നബി തങ്ങള്‍ തിരിഞ്ഞു നോക്കിയില്ല. അല്പം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ വിളിയും വന്നു. അപ്പോളും നോക്കിയില്ല. മൂന്നാമത്തെ കാഴ്ച ഒരു കിഴവനെയായിരുന്നു. നാലാമത്തെ കാഴ്ച സുന്ദരിയായ ഒരു പെണ്ണ്. അഞ്ചാമത്തെ കാഴ്ച രക്തപ്പുഴയില്‍ മുങ്ങിത്താഴുന്നവനെയായിരുന്നു. ആറാമത്‌ മറ്റൊരു കാഴ്ച കണ്ടു. ഏഴാമതായി കണ്ട കാഴ്ച! വലത് കയ്യില്‍ സുഗന്ധം വീശുന്ന ഒരു തളിക. ഇടതു കയ്യില്‍ ദുര്‍ഗന്ധം വമിക്കുന്ന മറ്റൊരു തളിക. ഇതില്‍ ഇടതു കയ്യിലെ ഭക്ഷണം കഴിക്കുന്ന ഒരു കൂട്ടര്‍. നബി തങ്ങള്‍ ജിബ്‌രീല്‍ (അ) നോട് ചോദിച്ചു ഇവര്‍ ആരെല്ലാം? ജിബ്‌രീല്‍ മറുപടി നല്‍കി. ആദ്യം വിളിച്ചത് ഒരു ജൂദനായിരുന്നു. അങ്ങ് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ അങ്ങയുടെ സമുദായം ആ ശൈലിയിലേക്ക് മാറുമായിരുന്നു. രണ്ടാമത്‌ വിളിച്ചയാള്‍ ഒരു നസറാണിയായിരുന്നു. അങ്ങ് അതിനും ചെവികൊടുത്തില്ല. നല്ലത് തന്നെ. മൂന്നാമത് കണ്ട കിഴവന്‍ ഇബ്‌ലീസ് ആയിരുന്നു. നാലാമത് കണ്ട സുന്ദരി ഭൗതിക ലോകമായിരുന്നു. അഞ്ചാമത്തെ കൂട്ടര്‍ പലിശ തിന്നുന്നവരായിരുന്നു. ആറാമത്തെ കൂട്ടര്‍ സകാത്ത് കൊടുക്കാത്തവരായിരുന്നു. ഏഴാമത്തെ കൂട്ടര്‍ വ്യഭിചാരികളായിരുന്നു.

യാത്ര തുടര്‍ന്നു. ഇടക്ക് ഒരു സ്ഥലത്തിറങ്ങി. നബി തങ്ങള്‍ ചോദിച്ചു ഏതാണീ സ്ഥലം? ഈസ നബി (അ) വിശ്രമിച്ച സ്ഥലം. ജിബ്‌രീല്‍ (അ) മറുപടി നല്‍കി. പിന്നെ ഈസ നബിയുടെ ജന്മസ്ഥലം സന്ദര്‍ശിച്ചു. ശേഷം മസ്ജിദുല്‍ അഖ്സയില്‍ എത്തി അമ്പിയാക്കന്മാരെല്ലാം അവരുടെ വാഹനം ബന്ധിക്കുന്ന സ്ഥലത്ത് ബുറാഖിനെ ബന്ധിച്ചു. അഖ്സയില്‍ വിശിഷ്ട അഥിതിയുടെ വരവും പ്രതീക്ഷിച്ച് നൂറ്റാണ്ടുകള്‍ക്കു മുമ്പേ മരണപ്പെട്ട ഇബ്രാഹീം നബിയും ഈസാ നബിയും മൂസാ നബിയും മറ്റു പ്രവാചകന്മാരും കാത്തു നില്പുണ്ടായിരുന്നു. അവര്‍ക്ക് ഇമാമായി പ്രവാചകന്‍ നബി (സ്വ)നിസ്കരിച്ചു. സ്വീകരണമെന്നോണം ജിബ്‌രീല്‍ കള്ളിന്‍റെയും പാലിന്‍റെയും രണ്ടു കോപ്പകള്‍ തങ്ങള്‍ക്കു മുമ്പാകെ കൊണ്ടുവന്നു. നബി തങ്ങള്‍ അതില്‍ നിന്ന് പാല്‍ കോപ്പ തിരഞ്ഞെടുത്തു.

ഇനി പ്രാവാചകന്‍ ആകാശാരോഹണത്തിലേക്ക് നീങ്ങുന്നു. അതിനുമുമ്പ് പ്രസക്തമായൊരു ചോദ്യം. എന്തുകൊണ്ടാണ് അല്ലാഹു ആകാശാരോഹനത്തിനു മുമ്പ്‌ ബൈത്തുല്‍ മുഖദ്ദസിലേക്ക് പ്രവാചകനെ കൊണ്ടുപോയത്? ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസിലേക്ക് അയക്കാതെ നേരിട്ട് ആകാശാരോഹണം നടത്തിയാല്‍ മതിയായിരുന്നില്ലേ? ഖുര്‍ആന്‍ അതിനു മറുപടി നല്‍കി باركنا حوله അഖ്സഖും പരിസരങ്ങളിലും നാം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിരിക്കുന്നു. മഹാന്‍മാര്‍ അതിനു വ്യാഖ്യാനം നല്‍കി بفبور الانبياء والصالحين പ്രാവാചകന്മാരുടെയും സ്വാലിഹീങ്ങളുടെയും മഖ്ബറകള്‍ കൊണ്ട് അല്ലാഹു അതിനു അനുഗ്രഹം ചോരിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് മുന്‍കഴിഞ്ഞ പ്രാവാചാകന്മാരുമായി സന്ധിക്കുവാന്‍ അല്ലാഹു പ്രവാചകന് അവസരമൊരുക്കിയത്. അപ്പോള്‍ എല്ലാ നല്ല യാത്രക്കള്‍ക്ക് മുമ്പും മഹാന്മാരെ സിയാറത്ത് ചെയ്യല്‍ പുണ്യമാണ്. മഹാന്മാരുടെ അടുക്കല്‍ പോയി അവരോടു അഭിപ്രായമാരായണം. അവരോടു ദുആ ചെയ്യിപ്പിക്കണം.എല്ലാം നല്ലത് തന്നെ. അവരുടെ അനുഗ്രഹവും ആശീര്‍വാദവും ഭാവിയിലേക്ക് മുതല്‍ട്ടാകും. അല്ലാഹു നമ്മെ സ്വാലിഹീങ്ങളെ സ്നേഹിക്കുന്നവരില്‍ പെടുത്തി അനുഗ്രഹിക്കട്ടെ.

മിഅ്റാജ്

മക്കയില്‍ നിന്ന് അഖ്സയിലേക്ക് പ്രവാചകന്‍ മലക്കിനൊപ്പമാണ് സഞ്ചരിച്ചതെങ്കില്‍ ഇനി ആഖ്സയില്‍ നിന്ന് അല്ലാഹുവിന്‍റെ സമീപത്തേക്ക് പോകേണ്ടത് മലക്കിനെപോലെയാണ്. ബുറാഖില്ലാത്ത യാത്ര തുടര്‍ന്നു.. വാനലോകത്തെക്കുള്ള യാത്ര..സ്രഷ്ടാവ് തന്‍റെ ഹബീബിനു വേണ്ടി തയ്യാര്‍ ചെയ്ത ആഥിത്യം സ്വീകരിക്കാനുള്ള യാത്ര.... വാനലോകം മുഴുക്കെ പ്രവാചകനെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. 'ഇരുവരും ഒന്നാനാകാശത്ത്‌ പ്രവേശിച്ചു. അവിടെ ആദം നബി (അ)യും മറ്റു പ്രാവചാകരും തങ്ങളെ സ്വീകരിച്ചു. രണ്ടാനാകാശത്ത്‌ ഈസാ നബിയും യഹിയ നബിയും സ്വീകരണമരുളി. മൂന്നാനാകാശത്ത്‌ യൂസുഫ്‌ നബി (അ) ഉണ്ടായിരുന്നു. നാലാനാകാശത്ത്‌ ഇദ് രീസ് നബി (അ). അഞ്ചാനാകാശത്ത്‌ ഹാറൂണ്‍ നബി (അ). ആറാനാകാശത്ത്‌ മൂസാ നബി (അ). എഴാനാകാശത്ത്‌ ഇബ്റാഹീം (അ). ഇങ്ങനെ മുന്‍കഴിഞ്ഞ പ്രവാചകരെല്ലാം തങ്ങളുടെ നേതാവിനെ ഹാര്‍ദ്ദവമായി സ്വീകരിച്ചു.'(സ്വഹീഹു മുസ്‌ലിം: 1/74/259)

ഇസ്‌ലാമിന്‍റെ പേരില്‍ നടക്കുന്ന ചിലരുടെ ബാലിശമായ ചോദ്യം ഇവിടെ തട്ടിതടയുന്നു. 'എങ്ങിനെ മരിച്ചു പോയവര്‍ അവിടെ സംഗമിച്ചു? അവര്‍ മണ്ണായിപോയില്ലേ?' ഇതൊരു മുസ്‌ലിം ചോദിക്കേണ്ട ചോദ്യമല്ല. കാരണം والأنبياء صلوات الله عليهم أحياء عند ربهم كالشهداء فلا ينكر حلولهم في أوقات في مواضع من أرض أو سماء അമ്പിയാക്കന്മാര്‍ ശുഹദാക്കളെ പോലെത്തന്നെ അല്ലാഹുവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്‌. ഭൂമിയിലോ ആകാശത്തോ സ്ഥലകാല ഭേദംകൂടാതെ അവര്‍ക്ക് സഞ്ചരിക്കാന്‍ അല്ലാഹുവു അനുമതി നല്‍കിയിരിക്കുന്നു.(ദലാഇലുല്‍ ബൈഹഖി: vol: 2, page: 388) അതുകൊണ്ടല്ലേ നബി തങ്ങള്‍ വാനലോകത്ത് എത്തും മുമ്പേ ഭൂമിയിലെ ബൈത്തുല്‍ മുഖദ്ദസില്‍ വെച്ച് കണ്ട മൂസാ നബിയും ഈസാ നബിയും വാനലോകത്തെത്തിയത്.

പിന്നെ പ്രവാചകന്‍ (സ്വ) കണ്ടത് എഴാനാകാശത്തെ ബൈതുല്‍ മഅ്മൂര്‍. തിരിച്ചു വരാത്ത എഴുപതിനായിരം മലക്കുകളാണ് അതിലൂടെ ഓരോ ദിനവും കടന്നു പോകുന്നത്.(മുസ്‌ലിം) ശേഷം സിദ്റത്തുല്‍ മുന്‍തഹയിലെത്തി. ജിബ്‌രീല്‍ (അ) ന്‍റെ ശരിയായ രൂപം നബി തങ്ങള്‍ അവിടെ വെച്ചുകണ്ടു.(ബുഖാരി-മുസ്‌ലിം) ജിബ്‌രീല്‍ (അ) പറഞ്ഞു: നബിയെ ഇനി എനിക്ക് അങ്ങോട്ട്‌ അനുമതിയില്ല അങ്ങ് അല്ലാഹുവിന്‍റെ സവിധത്തിലേക്ക് നീങ്ങിക്കോളൂ..മനുഷ്യ പ്രകൃതത്തില്‍ ജനിച്ചു വളര്‍ന്ന തങ്ങള്‍ മാലാഖാ പ്രകൃതത്തിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ അതും വിട്ട് ദൈവീകമായ അനുഭവത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. അതിനാലാണ് ജിബ്‌രീല്‍ (അ) പടിക്ക് പുറത്തു നില്കേണ്ടി വന്നത്. പ്രവാചകന്‍റെ ശ്രേഷ്ടതയാണിവിടെ ഉരുത്തിരിഞ്ഞു വരുന്നത്. അല്ലാഹു അവിടത്തെ പദവികള്‍ ഉയര്‍ത്തട്ടെ.

فكان قاب قوسين أو أدني فأوحي الي عبده ما أوحي- نجم സ്രഷ്ടാവിന്‍റെ സന്നിധിയിലെത്തില പ്രവാചകന്‍ (സ്വ) പറഞ്ഞു. التحيات المباركات الصلوات الطيبات لله അപ്പോള്‍ അല്ലാഹു മറുപടി നല്‍കി السلام عليك أيها النبي ورحمة الله وبركاته അപ്പോള്‍ വീണ്ടും പ്രവാചകന്‍ മറുപടി നല്‍കി السلام علينا وعلي عباد الله الصالحين പിന്നെ സമ്മാനമായി അമ്പതു നേരത്തെ നിസ്കാരം അല്ലാഹു പ്രവാചകനു നല്‍കി. അതുമായി പ്രവാചന്‍ തിരിച്ചു പോരുമ്പോള്‍ മൂസ നബി (അ) പറഞ്ഞു അങ്ങയുടെ സമുദായം ഇത് താങ്ങുന്നതിലും അപ്പുറമാ. അതിനാല്‍ വല്ല ഇളവും കിട്ടുമോ എന്ന്‍ അല്ലാഹുവിനോട് പറയൂ. നബിതങ്ങള്‍ മടങ്ങി. അല്ലാഹു അഞ്ച് നേരത്തെ നിസ്കാരം കുറച്ചു കൊടുത്തു. തിരിച്ചു മൂസ നബിയുടെ അടുത്തെത്തിയപ്പോള്‍ അവിടന്ന് പറഞ്ഞു പറ്റില്ല ഇനിയും കുറച്ചു തരുവാന്‍ പറയൂ. നബി തങ്ങള്‍ വീണ്ടും മടങ്ങി. അങ്ങിനെ മൂസാ നബിക്കും അല്ലാഹുവിനുമിടയില്‍ ഒമ്പത് തവണ നബിതങ്ങള്‍ സഞ്ചരിച്ചു. ഒടുവിലത് അഞ്ചായി ചുരുക്കി. ഒടുവില്‍ നബി തങ്ങള്‍ പറഞ്ഞു ഇനി അലാഹുവിലേക്ക് മടങ്ങാന്‍ എനിക്ക് ലജ്ജയാകുന്നു. (മുസ്‌ലിം: 1/74/259)

ഇവിടെ അടിവരയിട്ടു മനസ്സിലാക്കേണ്ട വസ്തുത. മരണപ്പെട്ടു പോയ മൂസാ നബി (അ) ന്‍റെ സഹായമാണ് നബി (സ്വ) സ്വീകരിച്ചത്. അതുകൊണ്ടല്ലേ അമ്പത് നേരത്തെ നിസ്കാരം അഞ്ചു നേരത്തെ നിസ്കാരമായി ചുരുങ്ങിയത്. മരണപ്പെട്ടു പോയവരോട് സഹായം തേടല്‍ ശിര്‍ക്കാണെന്നു വിടുവായത്തം പറയുന്ന പുത്തന്‍ പ്രസ്ഥാനക്കാര്‍ക്ക് ഇസ്‌ലാമിന്‍റെ പേരു പറഞ്ഞു നടക്കാന്‍ അവകാശമില്ല. അവര്‍ക്കുള്ള മറുപടിയാണീ സഹായം തേടല്‍.

ഈ യാത്രക്കിടയില്‍ അവിടത്തേക്കു ധാരാളം അത്ഭുതങ്ങള്‍ അല്ലാഹു കാട്ടിക്കൊടുത്തു. സ്വര്‍ഗ്ഗം കണ്ടു. നരകം കണ്ടു. നരകത്തില്‍ കണ്ട ചില രംഗങ്ങള്‍ താഴെ വിവരിക്കാം.
  • അന്യന്‍റെ മുന്നില്‍ മുടി പുറത്താക്കി നടക്കുന്നവള്‍. മുടികൊണ്ട് വരിഞ്ഞു കെട്ടപ്പെട്ട് തലച്ചോറ് തിളച്ചു മറിയുന്നു.
  • ഭര്‍ത്താവിനെ ശല്യപ്പെടുത്തുന്നവള്‍. നാവ് കൊണ്ട് വരിഞ്ഞു കെട്ടി കഠിന ചൂട് വെള്ളം തൊണ്ടയില്‍ ഒഴിക്കപ്പെടുന്നു.
  • ഭര്‍ത്താവിന്‍റെ വിരിപ്പില്‍ മായം ചേര്‍ക്കുന്നവള്‍.(വ്യഭിചരിക്കുന്നവള്‍) മാറിടം വരിഞ്ഞു കെട്ടപ്പെട്ടിരിക്കുന്നു.
  • നിസ്കാരസമയമായിട്ടും ജനാബത്ത്, ഹൈള് കുളിക്കാത്തവള്‍ കാലുകള്‍ മാറിലേക്കും കൈകള്‍ തലയിലേക്കും വലിച്ച് കെട്ടി പാമ്പുകളും തേളുകളും കടിക്കുകയും കൊത്തിപ്പറിക്കുകയും ചെയ്യുന്നു.
  • നമീമത്ത് പറഞ്ഞ് കുടുംബ ബന്ധം മുറിക്കുന്നവള്‍. തല പന്നിയുടെ കോലത്തിലും ശരീരം കഴുതയുടെ കോലത്തിലുമായി ശിക്ഷിക്കപ്പെടുന്നു.
  • കൊടുത്തത്‌ എടുത്തു പറയുന്ന അസൂയക്കാരി. നായയുടെ കോലത്തില്‍ വായിലൂടെ തീ കയറി മലദ്വാരത്തിലൂടെ പുറപ്പെടുന്നു. മലക്കുകള്‍ ശിക്ഷിക്കുന്നു.
നേരം പുലര്‍ന്നു. പ്രവാചകന്‍ ഈ വാര്‍ത്തയുമായി സമൂഹത്തിലിറങ്ങി. സമൂഹം പരിഹാസത്തിന്‍റെ ശരവര്‍ഷം നടത്തി. ഈ സംഭവം അംഗീകരിക്കാന്‍ സാഹചര്യം അവരെ തടഞ്ഞു പക്ഷെ വിശ്വാസം അവരില്‍ ചിലരെ രക്ഷിച്ചു. അവരുടെ നേതാവാണ് അബൂബക്കര്‍ സിദ്ധീഖ് (റ). നബി അങ്ങിനെ പറഞ്ഞോ എങ്കില്‍ ഞാനത് വിശ്വസിച്ചു. എന്നാണ് സിദ്ധീഖ്‌ (റ) ഈ വാര്‍ത്തയോട് പ്രതികരിച്ചത്. ശത്രുക്കള്‍ പരിഹാസ്യരായി മടങ്ങി. അങ്ങിനെയാണ് അബൂബക്കര്‍ (റ) ന് "സിദ്ധീഖ്" (വിശ്വസ്തന്‍) എന്ന സ്ഥാനപ്പേര്‍ ലഭിച്ചത്. അന്ന് ഉച്ച മുതല്‍ പരിശുദ്ധമായ നിസ്കാരത്തിന് തുടക്കം കുറിക്കുകയും ചെയ്തു.